പ്രകാശനും വ്യാഴവും പിന്നെ കുറെ കവിടികളും
മസ്കെറ്റിൽ നിന്നും അവധിക്കു വന്ന പ്രകാശനോട്
അമ്മ പറഞ്ഞു " മോനേ ഒന്നു ജ്യോത്സ്യരുടെ അടുത്ത് പോയി
ജാതകം ഒക്കെ നോക്കിയിട്ട് വാ "... അമ്മ അലമാര തുറന്നു ജാതക പുസ്തകമെടുത്തു
പ്രകാശന്റെ കൈയിൽ കൊടുത്തു .. പ്രകാശൻ നേരെ ജ്യോത്സ്യരുടെ അടുത്തേക്ക് വെച്ച്
പിടിച്ചു . കവിടി നിരത്തിയിട്ടു ജ്യോത്സ്യർ പറഞ്ഞു "ഇപ്പോൾ രാഹു ദശ യുടെ
അവസാന ഘട്ടമാണ് , അതിനാൽ തന്നെ സമയം വളരെ മോശം ആണ് , ധനാഭിവൃധി ഉണ്ടാവില്ല
, രോഗങ്ങൾ അലട്ടും , അപകടത്തിൽ പെടാൻ സാധ്യത ഒക്കെ കാണുന്നു " . പ്രകാശൻ
ആലോചിച്ചു തനിക്കു കഴിഞ്ഞ 4 - 5 കൊല്ലമായി വെച്ചടി വെച്ചടി കയറ്റമാണ് ജോലിയിൽ . പിന്നെ
കാര്യമായ രോഗങ്ങളോ മറ്റു പ്രശ്നങ്ങളോ അലട്ടുന്നുമില്ല . പ്രകാശൻ കുന്തം വിഴുങ്ങിയവനെ
പോലെ ജ്യോത്സ്യരുടെ കത്തിക്കയറുന്ന ഭാവി പ്രവചനങ്ങളും കേട്ടു ഇരിപ്പായി. ഒരു
അക്കൌണ്ടന്റ് ആയ പ്രകാശന് ഒരു വിധത്തിലും ഒന്നും ടാലി ആക്കാൻ പറ്റുന്നില്ല .
ഘന ഗംഭീര ശബ്ദത്തിൽ ജ്യോത്സ്യർ മൊഴിഞ്ഞു "പേടിക്കേണ്ട 8 മാസം കഴിഞ്ഞാൽ വ്യാഴ
ദശ തുടങ്ങും . വ്യാഴത്തിൽ വെച്ചടി വെച്ചടി കയറ്റം ആയിരിക്കും . വീട് , കാറ്
, കുമിഞ്ഞു കൂടുന്ന സമ്പത്ത് .............". വളരെ സന്തോഷത്തോടെ ജ്യോല്സ്യർക്ക്
ഫീസും പിന്നെ ഒരു ടിപ്പും കൊടുത്തു പ്രകാശൻ അവിടെ നിന്നും ഇറങ്ങി . വീട്ടിൽ
വന്നു ജ്യോത്സ്യരുടെ പ്രവചനങ്ങൾ അമ്മയെയും ഭാര്യയെയും കേൾപ്പിച്ചു . വരാൻ ഉള്ള നല്ല കാലത്തിന്റെ
മധുര പ്രതീക്ഷയിൽ അവർ ദിവസങ്ങൾ തള്ളി നീക്കി .
അവധി കഴിഞ്ഞു പ്രകാശൻ മസ്കെട്ടിലെക്കു
തിരിച്ചു പോയി . വർഷം ഒന്നു കഴിഞ്ഞു , വീണ്ടും ഒരു അവധിക്കാലം വന്നെത്തി .
പതിവ് പോലെ പ്രകാശൻ ആ അവധിക്കും നാട്ടിൽ വന്നു, അവധി
കഴിഞ്ഞു തിരിച്ചു പോയി . പക്ഷെ ഇത്തവണ തിരിച്ചു പോയ അതേ സ്പീഡിൽ പ്രകാശൻ നാട്ടിൽ
തിരിച്ചെത്തി . അമ്മ മകനെ വിളിച്ചിരുത്തി വിവരം ആരാഞ്ഞപ്പോൾ ആണ് കാര്യം പിടി കിട്ടിയത്, ജോലി പോയത് കൊണ്ടാണ് പ്രകാശൻ തിരിച്ചു വന്നിരിക്കുന്നത് . ആ പാവം അമ്മ മകനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു "വ്യാഴദശ തുടങ്ങിയില്ലേ മോനെ , ഇനി പേടിക്കേണ്ട
ഇതിലും നല്ല ഒരു ജോലി വേഗം തന്നെ കിട്ടും ". അത്താഴം കഴിഞ്ഞു മുറ്റത്ത്
ഉലാത്താൻ ഇറങ്ങിയ പ്രകാശന്റെ മനസ്സിൽ അമ്മ കൊടുത്ത സമാശ്വാസം മാത്രം . പ്രകാശന്റെ
കണ്ണുകൾ ഒന്ന് ചക്രവാളം വരെ പോയി .. കണ്ണുകൾ
ചക്രവാളതിലുള്ള വ്യാഴത്തിൽ ഉടക്കി .. പ്രകാശൻ നിർന്നിമേഷനായി
വ്യാഴത്തെ തന്നെ നോക്കി നിൽക്കുകയാണ് , കാരണം വ്യാഴത്തിനു ഇന്ന് തിളക്കമില്ല
, തന്നിൽ പ്രതീക്ഷ അർപ്പിച്ചു നിൽക്കുന്ന ഭൂമിയിലെ മനുഷ്യരെ കണ്ടു പേടിച്ചരണ്ട
പോലെ നിസ്സഹായനായി നില്ക്കുന്നു ...
മാസങ്ങൾ കടന്നു പോയി ..
വർഷങ്ങളും കടന്നു പോയി .. പ്രകാശൻ ഇന്നും തൊഴിൽ രഹിതൻ . അമ്മ വീണ്ടും മകനെ
ജ്യോത്സ്യരെ കാണാൻ നിര്ഭന്ധിക്കുന്നു . പ്രവാസ ജീവിതത്തിൽ ദിവസവും അത്താഴത്തിനു ചിക്കൻ ചുക്കയും , കരേല ഫ്രൈയും
, ആലൂ പാലക്കും മാറി മാറി കഴിച്ചിരുന്ന പ്രകാശൻ അമ്മയോട് ചോദിച്ചു "അമ്മേ ഞാൻ
ഈ ജ്യോത്സ്യൻ ചിന്നൻ ഗുരിക്കളെ ഒഴിവാക്കി ഇത്തവണ വിജയൻ ഗുരിക്കളെ കണ്ടാലോ ? . അമ്മക്ക് ദേഷ്യം
വന്നു - "ചിന്നൻ ഗുരിക്കൾ പറയുന്നതൊക്കെ അച്ചട്ടമാ " . പ്രകാശൻ പിറുപിറുത്തു
"ഹും അച്ചട്ടം പോലും , വ്യാഴ ദശയിൽ വെച്ചടി വെച്ചടി കയറ്റം ആണത്രേ , അവസാനം വ്യാഴം
തന്നെ എന്റെ ജോലിയും കൊണ്ട് പോയി " . മനസ്സില്ലാ മനസ്സോടെ
പ്രകാശൻ ജ്യോത്സ്യരെ കാണാൻ പുറപ്പെട്ടു . റോഡിലേക്കിരങ്ങിയതും ദേ തൊട്ടു മുന്നിൽ കറവക്കാരൻ
നാണു . നാണുവിന്റെ
"എപ്പോളാ തിരിച്ചു പോകുന്നേ " എന്ന ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു ഇട
വഴിയിലേക്ക് ഓടിക്കയറി .. വളഞ്ഞ വഴി ആണെങ്കിലും ജ്യോത്സ്യരുടെ വീട്ടിലേക്കു എത്തിച്ചേരാം
. കോലായിൽ - 2 - 3 പേര് ഇരിക്കുന്നുണ്ട്..., ജ്യോത്സ്യർ അകതുണ്ടെന്നു തോന്നുന്നു
. കോലായിൽ കയറി കസേരയിൽ ഇരിപ്പുറപ്പിച്ചു . അവസാനം പ്രകാശന്റെ ഊഴം ആയി
. പ്രകാശന്റെ മുന്നിൽ തന്റെ ഭാവി നിർണയതിന്റെ കവിടി നിരന്നു . ജോത്സ്യർ
പറയുന്നു " വ്യാഴത്തിന്റെ തുടക്കം പിഴച്ചു പോയി , പേടിക്കേണ്ട ഒരു എട്ടു
മാസത്തിനുള്ളിൽ താങ്കള്ക്ക് ഒരു നല്ല ജോലി കിട്ടും പിന്നെ എല്ലാം ശരി ആവും
". ഭാഗ്യം ! ശശി ആവും എന്ന് പറഞ്ഞില്ലല്ലോ !. പതിവ് പോലെ അമ്മയോടും
സഹധർമിനിയൊദും കാര്യങ്ങൾ പറഞ്ഞു .. പ്രകാശൻ 50 ശതമാനം സന്തോഷവാൻ ആണെങ്കിൽ
അമ്മയും സഹധര്മിണിയും 100 ശതമാനം സന്തോഷവതികൾ ..
മാസങ്ങൾ പിന്നെയും കഴിഞ്ഞു
പക്ഷെ പ്രകാശൻ ഇന്നും തൊഴിൽ രഹിതൻ . വ്യാഴത്തിൽ കുരുങ്ങി കിടക്കുന്ന പ്രകാശന്റെ ജീവിതം
ദുരിതപൂർണം... അമ്മ വീണ്ടും മകനെ നിർഭന്ധിച്ചു ചിന്നൻ ഗുരിക്കളെ കാണാൻ ..
നിർഭന്ധം സഹിക്ക വയ്യാതായപ്പോൾ വ്യാഴത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി പ്രകാശൻ ജ്യോത്സ്യരെ
കാണാൻ പോയി ..
പതിവു പോലെ കവിടി നിരത്തി ജ്യോത്സ്യർ
പറഞ്ഞു "വ്യാഴത്തിലെ പിഴവ് പരിഹരിക്കപ്പെട്ടിട്ടില്ല , ഒരു 6 മാസം കൊണ്ട് കാര്യങ്ങൾ
ഒക്കെ നേരെ ആവും " . പ്രകാശൻ മനസ്സിൽ പറഞ്ഞു "ഇതിലും ഭേദം നമ്മുടെ കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം തന്നെ !!" . ജ്യോത്സ്യർ തുടർന്നു "വീട് ഇരിക്കുന്ന
പറമ്പിനു ദോഷം ഉണ്ട് " ആത്മാക്കൾ ആ പറമ്പിലൂടെ ഇങ്ങനെ ക്രികെട്ടും , ഫുട്ബോളും
കളിച്ചു നടക്കുക ആണത്രേ !!. ഇനി ബാട്മിന്ടൻ
തുടങ്ങുന്നതിനു മുമ്പേ അവറ്റകളെ ഒക്കെ കര കടത്തണം. അതിനെ ചാക്കിലാക്കി നാട് കടത്താൻ ഒരു നമ്പൂരി തന്നെ വേണം .. ജ്യോത്സ്യർ ചോദിക്കുകയാണ് "താങ്കൾക്ക് നംബൂദിരിയെ ഏർപ്പാടാക്കാൻ പറ്റുമോ "..പ്രകാശൻ പറഞ്ഞു "ഒരു NRI ആയ എനിക്ക് അതിനൊന്നും പറ്റില്ല ഗുരിക്കൾ തന്നെ
ഏർപ്പാടാക്കണം ". ഗുരിക്കൽ പറഞ്ഞു "എന്റെ അറിവിൽ രണ്ടു മൂന്നു
പേർ ഉണ്ട് ഓർക്കാട്ടെരിയിൽ ". നമ്പൂതിരിയെ തെരഞ്ഞെടുക്കാൻ ഗുരിക്കൾ
വീണ്ടും കവിടി നിരത്തി . ജിജ്ഞാസയോടെ ഇരിക്കുന്ന പ്രകാശന്റെ മുഖത്തേക്ക് ഒളി കണ്ണിട്ടു
നോക്കി ജ്യോത്സ്യർ മൊഴിഞ്ഞു "ഇദ്ദേഹം പറ്റില്ലെന്നാണ് കവിടിയിൽ നിന്നും അറിയാൻ
കഴിഞ്ഞത് ". വീണ്ടും കവിടി നിരന്നു അടുത്ത നമ്പൂരിയെ തെരഞ്ഞെടുക്കാൻ .
ജ്യോത്സ്യരുടെ കവിടി അങ്ങനെ ബ്രഹ്മദത്തൻ നമ്പൂരിയെ അങ്ങ് തെരഞ്ഞെടുത്തു .
ജ്യോത്സ്യർ നമ്പൂരിയുടെ മൊബൈൽ നമ്പർ ഒരു കടലാസിൽ കുറിച്ച് കൊടുത്തു ,
പിന്നെ ഒന്ന് കൂടി ഓര്മ്മിപ്പിച്ചു "ദുരാത്മാക്കൾ കളി
നിർത്തി പോയോ എന്നുറപ്പ് വരുത്താൻ ഒരു ജ്യോത്സ്യനും കൂടെ വേണം ... വീടിന്നടുത്ത്
വല്ല ജ്യോത്സ്യന്മാരും ഉണ്ടോ ?" .... ജ്യോത്സ്യരുടെ ചോദ്യത്തിന്റെ അർഥം
മനസ്സിലായപ്പോൾ പ്രകാശൻ പറഞ്ഞു " താങ്കൾ തന്നെ ആയിക്കോട്ടെ". ആത്മാക്കളുടെ ക്രിക്കെട്ടു കളി നിര്ത്തിചിട്ടെ
കാര്യമുള്ളൂ എന്ന് മനസ്സിൽ ദൃഡ പ്രതിജ്ഞ എടുത്ത പ്രകാശൻ ദൃതിയിൽ ജ്യോത്സ്യർ കൊടുത്ത മൊബൈൽ നമ്പരും വാങ്ങി അവിടെ നിന്നും ഇറങ്ങി .
വീട്ടിലെത്തിയ പ്രകാശൻ
ജ്യോത്സ്യർ നിർദേശിച്ച പ്രതിവിധികൾ ഒക്കെ അമ്മയെ വിസ്തരിച്ചു കേൾപ്പിച്ചു
. അമ്മ പറഞ്ഞു "മോനെ പ്രകാശാ , ജ്യോത്സ്യർ നിർദേശിച്ച പ്രതിവിധികൾ ഒക്കെ
എത്രയും പെട്ടെന്ന് ചെയ്യാൻ നോക്ക് , എന്നാലെ നിനക്ക് ഉയർച്ച ഉണ്ടാവൂ ".
പ്രകാശൻ മനസ്സിൽ കണക്കു
കൂട്ടാൻ തുടങ്ങി " നമ്പൂരിക്ക് 10,000 , അസ്സിസ്ടന്റിനു 2,000 .. പിന്നെ
ഗതാഗത ചെലവു , ജ്യോത്സ്യരുടെ കൂലി ............... പ്രകാശൻ പിറുപിറുത്തു
"ഈ അമ്മയുടെ ഒരു കാര്യം , ഒരു അമ്പതിനായിരം രൂപ തികച്ചുണ്ടായിരുന്നെങ്കിൽ
ഞാൻ ഇന്ന് പീഡീഎ ഒമാന്റെ റിഗ്ഗിൽ ഒരു സ്റ്റോർ കീപെർ ആയി ഇരുന്നേനെ
.. " ഏതായാലും പ്രകാശൻ തീരുമാനിച്ചു . - ജ്യോത്സ്യർ നിർദേശിച്ച കർമങ്ങൾ
ഒക്കെ വീണ്ടും
ഗൾഫിലേക്ക് പോയി നാല് കാശൊക്കെ ഉണ്ടാക്കിയിട്ട് മാത്രം
ജ്യോത്സ്യർ പറഞ്ഞ ആറു മാസക്കാലയളവും
കഴിഞ്ഞു .. പ്രകാശന്റെ ജീവിതം ഒന്ന് കൂടി ദുരിത പൂർണമായി . അമ്മ ആ പറമ്പിൽ ക്രിക്കെട്ടു
കളിച്ചു നടക്കുന്ന ദുരാത്മാക്കളെ പഴിച്ചു ...
കാര്യങ്ങൾ ഒക്കെ അങ്ങനെ
ഇരിക്കെ , കുവൈറ്റിൽ നിന്നും നാട്ടിൽ അവധിക്കു വന്ന സുഹൃത്ത്
പ്രകാശനെ വീട്ടിലേക്കു ക്ഷണിച്ചു . പിറ്റേ ദിവസം അതി രാവിലെ തന്നെ അത്യുത്സാഹത്തോടെ
പ്രകാശൻ തലശ്ശേരി ഇല്ലിക്കുന്നിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കു തിരിച്ചു . തന്റെ
ബൈക്ക് ഇടവഴിയിൽ കമ്പിതൂണിനോട് ചേർത്ത് പാർക്ക് ചെയ്തു പ്രകാശൻ സുഹൃത്തിന്റെ വീട്ടിലേക്കുള്ള
കോണിയെ ലക്‌ഷ്യം വെച്ച് വലതു കാൽ കൊണ്ട് ചവിട്ടിയത് കോണിക്ക് തൊട്ടു താഴെ ഉള്ള പുല്ലിൽ
.. കാലിൽ എന്തോ കടിച്ചത് പോലെ തോന്നിയ പ്രകാശൻ കാൽ പിരകൊട്ടെക്കു വലിച്ചു ... പക്ഷെ
അപ്പോഴേക്കും പുല്ലിൽ കിടന്ന അണലിയുടെ കടി ഏറ്റിരുന്നു ... പാമ്പ് കടി ഏറ്റു
എന്നുറപ്പായ പ്രകാശൻ അത്യുച്ചത്തിൽ നില വിളിച്ചു .. ആളുകൾ ഓടിക്കൂടി .. എല്ലാവരും
ചേർന്ന് പ്രകാശനെ
പരിയാരം മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയി .. ദിവസങ്ങൾക്കകം അപകട നില തരണം ചെയ്ത പ്രകാശനെ ഇന്റെന്സിവ്
കെയർ യൂണിറ്റിൽ നിന്നും വാർഡിലേക്ക് മാറ്റി .
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്
ആയി വീട്ടില് എത്തിയ പ്രകാശൻ മനസ്സിൽ ഉറപ്പിച്ചു "ദുരാത്മാക്കൾ
ബാട്മിന്ടൻ കളി തുടങ്ങി , ഇനി സൂക്ഷിക്കണം , വരാനുള്ള നാളുകൾ നിർണായകം ആണ്
..."
നാലഞ്ചു മാസം കഴിഞ്ഞു
കാണും , പ്രകാശന് ഒരു ഇമെയിൽ.. അവധി കഴിഞ്ഞു തിരിച്ചു പോയ തലശ്ശേരി ഇല്ലിക്കുന്നിലെ
ആ സുഹൃത്തിൽ നിന്നും ആണ് , "പ്രകാശാ രണ്ടു ദിവസത്തിനുള്ളിൽ നിനക്ക് എന്റെ കമ്പനിയിൽ
നിന്നും ഒരു ഓഫർ ലെറ്റർ വരും അത് പ്രിന്റ് എടുത്ത ശേഷം ഒപ്പിട്ടു
, സ്കാൻ ചെയ്തു തിരിച്ചു മെയിൽ ചെയ്യുക .. മെയിൽ കിട്ടി 15 ദിവസത്തിനുള്ളിൽ
വിസ വരും .. യാത്രക്ക് തയ്യാറായി ഇരിക്കുക ". പ്രകാശൻ ഒരു നിമിഷം വ്യാഴത്തിന്റെ
പിഴവുകളെ മറന്നു .. പിന്നെ പറമ്പിലെ ശകുനം മുടക്കികളായ ദുരാത്മാക്കളെയും ..
വിസ വന്നു , ടിക്കറ്റ് വന്നു പ്രകാശൻ കുവൈടിലേക്ക് പറന്നു
...
അങ്ങനെ വീണ്ടും ഒരവധിക്കാലം
.. പ്രകാശൻ പതിവ് പോലെ അവധിക്കു നാട്ടിലെത്തി .. അമ്മ വീണ്ടും പ്രകാശനെ
നിര്ബന്ദിച്ചു - ചിന്നൻ ഗുരിക്കളെ കാണാൻ . പ്രായം സംഭാവന ചെയ്ത ശാരീരിക അസ്വസ്തകളാൽ
ഉഴലുന്ന അമ്മയുടെ നിര്ദേശം പ്രകാശന് തള്ലാനായില്ല .. വീടിന്റെ വലതു വശത്തുള്ള ഇട വഴിയിലൂടെ
നടന്നു ചിന്നൻ ഗുരിക്കളുടെ വീട്ടിൽ എത്തി .. ഇത്തവണ കോലായിൽ ഊഴം കാത്തു ആരും ഉണ്ടായിരുന്നില്ല
.. ചിന്നൻ ഗുരിക്കളുടെ അസിസ്റ്റന്റ് (ഭാവിയിലെ ജ്യോത്സ്യൻ ) പ്രകാശനെ ഗുരിക്കളുടെ
അടുത്തേക്ക് പറഞ്ഞു വിട്ടു .. ജാതക എടുത്തു വച്ചതും ജ്യോത്സ്യർ പറഞ്ഞു "വ്യാഴത്തിന്റെ
പിഴവ് തീർന്നിട്ടില്ല .. ഇനിയും ഒരു ആറു മാസത്തേക്ക് മോശം സമയം ആണ് ... ധനനഷ്ടം
.... രോഗങ്ങൾ .. പല വിധ പ്രയാസങ്ങൾ ..... ജ്യോല്സ്യർക്ക് മുഴുമിപ്പിക്കാൻ സമയം
കിട്ടിയില്ല .. അതിനു മുമ്പേ ഒരു ഒച്ച കേട്ടു .. ജ്യോത്സ്യരുടെ കണ്ണിൽ പൊന്നീച്ച പറന്നു
.. ഓടി വന്ന അസിസ്റ്റന്റ് കണ്ടത് മുറിയിൽ നിന്നും ഇറങ്ങി വരുന്ന പ്രകാശനേയും
... കരണം വീർത്തു ത്രിശങ്കുവിൽ നില്ക്കുന്ന ജ്യോല്സ്യരെയും ..
നന്നായിട്ടുണ്ട് ;)
ReplyDelete